ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടുകൊമ്പന്റെ പരാക്രമം. വീടുകളടക്കം നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മുതലാണ് സംഭവത്തിനു തുടക്കം. പുലർച്ചെ അഞ്ചോടെ അങ്ങാടിക്കടവ് സ്കൂളിന് സമീപം കണ്ട കൊമ്പൻ പിന്നീട് വലിയപറമ്പിൻകരി ആശാൻ കുന്നിലെ റബർ തോട്ടത്തിൽ നിലയുറപ്പിക്കുകയായിരുന്നു.
വനം വകുപ്പ്, ആർആർടി, പോലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി ആനയെ നിരീക്ഷിച്ചു. പാറയ്ക്കാമല മേഖലയിൽനിന്ന് എത്തിയ കൊമ്പനാണ് രാത്രി വൈകിയും തിരികെ പോകാതെ മേഖലയിൽ പരിഭ്രാന്തി പരത്തുന്നത്.
പ്രദേശവാസികൾ വീടിനു വെളിയിൽ ഇറങ്ങരുതെന്ന് പഞ്ചായത്ത് കർശന നിർദേശം നൽകി. മേഖലയിൽ ഉച്ചഭാഷിണിയിലൂടെ പ്രദേശവാസികൾക്കു മുന്നറിയിപ്പ് നൽകി. ആന കടന്നുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസും വനം വകുപ്പ് അധികൃതരും കാവൽ ഏർപ്പെടുത്തി.
മൂന്നരയോടെ ആരംഭിച്ചു
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ആശാൻകുന്നിൽ നിലയുറപ്പിച്ച ആനയെ വനം ആർആർടി സംയുക്ത ടീം തുരത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു . ജനവാസ മേഖലയായ ഇവിടം വനത്തിനോട് ചേർന്ന പ്രദേശം ആയതുകൊണ്ട് ഇതുവഴി വനത്തിലേക്കു കടത്തിവിടാൻ ശ്രമിക്കുന്നതിനിടെ ഈന്തുംകരി അടിവാരത്തിനു സമീപം റോഡ് മുറിച്ചുകടക്കാതെ ആന അക്രമാസക്തമാകുകയായിരുന്നു.
ഇവിടെ രണ്ടു വീടുകളുടെ ഷെഡും ഒരു മെഷീൻ പുരയും ആന തകർത്തു. കുരിശുംമൂട്ടിൽ ചാക്കോ, പുത്തൻ പുരയ്ക്കൽ റോയി എന്നിവരുടെ വീടിന്റെ ഷെഡുകളും വട്ടുകുളം ബിജോയിയുടെ മെഷീൻ പുരയുമാണ് തകർത്തത്.
ആറരയോടെ നിർത്തി
അക്രമാസക്തനായ ആനയെ രാത്രി വൈകി തുരത്തുക പ്രയാസമായതിനാൽ 6.30 ഓടെ അധികൃതർ തുരത്തൽ ശ്രമം നിർത്തുകയായിരുന്നു. വെളിച്ചക്കുറവും പരിചയമില്ലാത്ത കുന്നിൻ പ്രദേശവും തുരത്തലിനു തടസമായി.
ആന രാത്രിയോടെ വന്ന വഴിയിലൂടെതന്നെ തിരിച്ചുപോകുമെന്നാണ് വനം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ. ജനങ്ങൾ വെളിയിൽ ഇറങ്ങി ശബ്ദവച്ചതും കൂട്ടം കൂടി നിന്നതും പലപ്പോഴും അധികൃതർക്ക് വലിയ വെല്ലുവിളി ആയിരുന്നു. രണ്ട് തവണ റോഡ് മുറിച്ചു കടക്കാൻ വന്ന ആന തിരികെ പോയത് ജനങ്ങൾ കൂട്ടമായി നിന്ന് ശബ്ദം ഉണ്ടാക്കിയതുകൊണ്ടാണെന്ന് അവർ പറയുന്നു.